How to buy trekking shoe for monsoon?

Tripoto
Photo of How to buy trekking shoe for monsoon? by MUhammed Unais P (TheIndianTrails)

അടുത്ത മണ്‍സൂണ്‍ ട്രെക്കിനു മുമ്പ്....

ട്രെക്കിങ്ങ് ചെയ്യാന്‍ എല്ലാവര്‍ക്കും ഭയങ്കര താല്‍പര്യമാണ്, പ്രത്യേകിച്ച് മണ്‍സൂണില്‍. കോട മഞ്ഞ് പൂത്തുലയുന്ന മാമലകളും, പതഞ്ഞുയരുന്ന വെള്ളച്ചാട്ടങ്ങളും നീരുറവകളും പച്ചപുതച്ച മലയിടുക്കുകളും, അങ്ങനെ പലതായിരിക്കും കാഴ്ച്ചകള്‍. നിങ്ങളില്‍ പലരും ഇവയെല്ലാം പലതവണ അനുഭവിച്ചവരായിരിക്കും, വീണ്ടും വീണ്ടും പോകാന്‍ ഉദ്ദേശിക്കുന്നവരായിക്കാം. എന്നാല്‍, കൂട്ടത്തില്‍ ഒരു തവണ പോലും പോകാന്‍ കഴിയാതെ മനസ്സു നീറുന്നവരുമുണ്ട്. എല്ലാവര്‍ക്കും വീണ്ടും വീണ്ടും ഈ കാഴ്ച്ചകളിലേക്ക് ആഴ്ന്നിറങ്ങാന്‍ അവസരമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

Photo of How to buy trekking shoe for monsoon? 1/3 by MUhammed Unais P (TheIndianTrails)
PIC 1: QUECHUA FORCLAZ 100 MID WP Brown.

മണ്‍സൂണ്‍ ട്രെക്കിങ്ങ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് മഹാരാഷ്ട്രയിലെ സഹ്യാദിരി മലനിരകളാണ്. മൂന്നാറിനെയും വയനാടിനെയും ചെറുതാക്കിയതല്ല. കേരളത്തിലെ മലനിരകള്‍ എല്ലാ കാലത്തും പച്ച വിരിച്ച് സഞ്ചാരികളെ കാത്തിരിക്കും. എന്നാല്‍ മഹാരാഷ്ട്രയിലെ ട്രെക്കിങ്ങിന് ഏറ്റവും പ്രശസ്തി മഴക്കാലത്തു മാത്രമാണ്. വര്‍ഷത്തില്‍ ജൂണ്‍ പകുതിമുതല്‍ മൂന്ന് മാസം മാത്രമാണ് ഇവിടെ ശരിക്കും മഴ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ബാക്കിയുള്ള സമയത്ത് വരണ്ടുണങ്ങി ചുവന്നിരിക്കും ഇവിടുത്തെ മലനിരകള്‍, പക്ഷെ അതിനുമുണ്ടൊരു ഭംഗി. മഹാരാഷ്ട്രയിലെ സഹ്യാദിരിയുടെ മലമടക്കുകളിലൂടെ ഈ വിനീതന് കുറച്ച് ട്രെക്കിങ്ങുകള്‍ നടത്താന്‍ അവസരം ലഭിച്ചു. കൂടെ പോന്നവര്‍ക്കും സഹായിച്ചവര്‍ക്കും എന്നും നന്ദിയുണ്ട്. പലപ്പോഴായി പല തെറ്റുകളും പ്രശ്‌നങ്ങളും സംഭവിച്ചിട്ടുണ്ട് ട്രെക്കിങ്ങിനിടയില്‍. ഇതില്‍ നിന്നെല്ലാം സ്വയം ആര്‍ജ്ജിച്ചതും മനസ്സിലാക്കിയതുമായ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു, പ്രത്യേകിച്ചു മണ്‍സൂണ്‍ കാലത്തെ ട്രെക്കിങ്ങിനെ കുറിച്ച്.

ആദ്യമായി പറയാനുള്ളത് ട്രെക്കിങ്ങ് ഷൂവിനെ കുറിച്ചാണ്. കാല്‍ നടയായി യാത്ര ചെയ്യുന്നവന്റെ ആയുധം അവന്റെ ഷൂ തന്നെയാണ്. ഒരു 25KM ഷൂ ധരിച്ച് നടന്നാലുണ്ടാകുന്ന ബുദ്ധിമുട്ടാകില്ല അതേ ദൂരം ചെരുപ്പ് ധരിച്ച് നടന്നാല്‍. കാല്‍ വിരലുകള്‍ സെന്‍സര്‍ ചെയ്യാത്ത പച്ച തെറികള്‍ വിളിക്കും. അപ്പൊ അത്ര ദൂരം ഒറ്റദിവസം കൊണ്ട് ട്രെക്കിങ്ങ് നടത്തിയാലോ. വിരലുകള്‍ മാത്രമല്ല കാലിന്റെ എല്ലാ ഭാഗങ്ങള്‍ക്കും നല്ല വേദനയായിരിക്കും. കാരണം നടന്നു പോകുന്ന വഴികളില്‍ കൂര്‍ത്ത കല്ലുകളിലും പാറകളിലും ചവിട്ടേണ്ടിവരും. ഇത് കാലിന്റെ അടിയില്‍ ഉണ്ടാകുന്ന മര്‍ദ്ദം എല്ലാ ഭാഗത്തേക്കും ഒരു പോലെയാകുന്ന രീതിയിലാണ് ട്രെക്കിങ്ങ് ഷൂവുകളുടെ നിര്‍മ്മാണം. അതിനു വേണ്ടി ഷൂവുകളിടെ അടിഭാഗം നിര്‍മ്മിക്കുന്നത് നല്ല കട്ടികൂടിയ മെറ്റീരിയലുകള്‍ കൊണ്ടാണ്. ഇത് കാലിലേക്ക് ഏല്‍ക്കുന്ന മര്‍ദ്ദം കുറക്കുന്നു, അങ്ങനെ വേദനയും. ട്രെക്കിങ്ങ് ഷൂവുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ദിക്കേണ്ട മറ്റു കാര്യങ്ങള്‍ അതിന്റെ അടിഭാഗത്തെ ഗ്രിപ്പും, ഉള്ളില്‍ കാല്‍വെക്കുന്ന ഭാഗത്തെ മെറ്റീരിയലുമാണ്. ഇത് കൊണ്ട് തന്നെ ട്രെക്കിങ്ങ ഷൂവുകള്‍ക്ക് മൂന്ന് ലയറുകള്‍ കാണാം, എറ്റവും താഴെ നല്ല ഗ്രിപ്പ് കിട്ടുന്ന മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിച്ച സോള്‍, അതിനു മുകളില്‍ കട്ടി കൂടിയ ഒരു തരം റബ്ബര്‍ മറ്റീരിയല്‍, ഏറ്റവും മുകളില്‍ കട്ടികൂടിയ ഒരു സ്‌പോഞ്ച്.

Photo of How to buy trekking shoe for monsoon? 2/3 by MUhammed Unais P (TheIndianTrails)
PIC 2: Black & White :)

മറ്റൊരു കാര്യം ശ്രദ്ദിക്കേണ്ടത്, ഹൈ ആങ്കിള്‍ ഷൂ നോക്കി വാങ്ങുക. ഇത്തരം ഷൂവുകള്‍ കാലിന്റെ മടമ്പുകള്‍ക്കും കണങ്കാലുകള്‍ക്കും ശരിക്ക് സപ്പോര്‍ട്ട് നല്‍കും. ഒരു ദിവസം മുഴുവന്‍ ടെക്ക് ചെയ്യുമ്പോളും അത്‌പോലെ കൂടതല്‍ ബാരമുള്ള ബാഗ് ചുമക്കുമ്പോളം നിങ്ങളുടെ ബാലന്‍സ് തെറ്റാതെ നിലനിര്‍ത്താന്‍ കണങ്കാസലകള്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഈ അസരങ്ങളില്‍ ഹൈ ആങ്കിള്‍ ഷൂകള്‍ കണങ്കാലുകളെ വളരെ സഹായിക്കുന്നു. മാത്രമല്ല, ട്രെക്കിങ്ങിനിടയില്‍ അറിയാതെ കുഴികളില്‍ ചവിട്ടി വീഴാനുള്ള അവസരം കൂടുതലാണ്. ഞാന്‍ പല തവണ വീണിട്ടുണ്ട്. ഇത്തരം വീഴ്ച്ചകളില്‍ കാലിന്റെ മടമ്പകുകള്‍ക്ക് മടക്കി ചവിട്ടാനുള്ള ചാന്‍സുകള്‍ കൂടുതലാണ്. എന്നാല്‍ ഒരു ഹൈ ആങ്കിള്‍ ഷൂ ഇത്തരം അവസരങ്ങള്‍ കാലിന് ഒന്നും സംഭവിക്കാതെ നിങ്ങളുയുടെ താത്ര തുടരാന്‍ സഹായിക്കും, ചെറിയൊരു വേദന മാത്രം - ഒരു സാമ്പിളിന്, അത് കുറച്ചു കഴിഞ്ഞാല്‍ മാറിയേക്കും.

ഷൂ വാങ്ങുമ്പോള്‍ അതിന്റെ സൈസ് ശരിക്ക് നോക്കണം. നിങ്ങളുടെ സാധാരണ ഉപയോഗിക്കുന്ന ഷൂവിന്റെ സൈസിനേക്കാള്‍ കുറച്ച് വലുത് വാങ്ങുക. ഒരിക്കലും കാല്‍ വിരലുകള്‍ മുന്നില്‍ തട്ടുന്ന രീതിയിലുള്ള സൈസിലുള്ള ഷൂ വാങ്ങരുത്. വിരലുകള്‍ ഷൂവിന്റെ മുന്നില്‍ തട്ടുന്നുണ്ടെങ്കില്‍, ട്രെക്കിങ്ങ് കഴിഞ്ഞ് മലയിറങ്ങുമ്പോള്‍ വിരലുകള്‍ കൊടങ്ങല്ലൂര്‍ ഭരണി പാട്ടു പാടും. സഹിക്കൂല, എനിക്ക് തന്നെ എന്റെ ആദ്യ ട്രെക്കിങ്ങിന് ശേഷം ഷൂവിന്റെ സൈസ് മാറ്റേണ്ടി വന്നിട്ടുണ്ട്.

അപ്പൊ ഏത് ഷൂ വാങ്ങണം.... നേരെ വിട്ടോ, തൊട്ടടുത്ത Decathlon ഷോറൂമിലേക്ക്. അവിടെ Quechuaയുടെ നല്ല ഹൈ ആങ്കിള്‍ ട്രെക്കിങ്ങ് ഷൂ ഉണ്ടാകും. ബാക്കിയുള്ള ബ്രാന്റുകളെ അപേക്ഷിച്ച് വിലക്കുറവുമാണ്. അപ്പൊ അടുത്ത സംശയം വാട്ടര്‍ പ്രൂഫ് വേണോ വേണ്ടയോ. വാട്ടര്‍ പ്രൂഫ് ഷൂ ആണ് നല്ലത്. ഉദാഹരണം : Quechua Forclaz 100 Mid [Pic 1]. ഇത്തരം ഷൂകള്‍ ചെറിയ മഴയത്ത് അകത്ത് വെള്ളം കിടക്കാതെ സംരക്ഷിക്കും. അത് പോലെ ഷൂവിനു മുകള്‍ ഭാഗം വഴി വെള്ളം കടക്കാത്ത രീയില്‍ വെള്ളം ഒഴുകുന്ന ഭാഗത്തുകൂടി നടക്കുമ്പോഴും. വെള്ളച്ചാട്ടങ്ങളും പുഴകളും ക്രോസ് ചെയ്യുമ്പോള്‍ ഇത്തരം ഷൂവിലൂടെയും വെള്ളം അകത്ത് കടന്നേക്കാം. പുഴകള്‍ ക്രോസ് ചെയ്യനുമ്പോള്‍ വഴുക്കല്‍ ഇല്ല എങ്കില്‍ ഷൂ ഊരി കയ്യില്‍ പിടിക്കുന്നതാണ് നല്ലത്. എന്നാല്‍ വെള്ളച്ചാട്ടങ്ങള്‍ ക്രോസ് ചെയ്യുമ്പോള്‍ വെള്ളം അകത്തു കടക്കും എന്ന് കരുതി ഷൂ അഴിക്കരുത്. ഇവിടങ്ങളില്‍ വഴുക്ക് കൂടാനുള്ള ചാന്‍സ് കൂടുതലാണ്. ഇവിടങ്ങളില്‍ ഒന്ന് വീണ് നോക്കണം - ശേഷം എഴുന്നേറ്റ് നിന്ന് ഒരു ചിരിയുണ്ട്, പെറ്റ തള്ള സഹിക്കൂല.

ഇനി വെള്ളം അകത്തു കടന്നാല്‍ എന്തു ചെയ്യണം...വാട്ടര്‍ പ്രൂഫ് ഷൂ ആണെങ്കില്‍ വെള്ളം അകത്തു കടന്നാല്‍ കാല്‍ ഉയര്‍ത്തി വെള്ളം കളയാം. എന്നാല്‍ അതുനുള്ളിലെ സ്‌പോഞ്ചിലെ വെള്ളം പുറത്ത് പോകില്ല. ഒരു ദിവസത്തെ ട്രെക്കിങ്ങ് ആണെങ്കില്‍ വേറെ പ്രത്യകിച്ച് ഒന്നും ചെയ്യണ്ടതില്ല. ട്രെക്കിങ്ങ് കഴിഞ്ഞതിന് ശേഷം ഷൂ അഴിച്ച് നല്ല വെള്ളത്തില്‍ കാല്‍ ഒന്ന് കഴുകിയാല്‍ മതി. ഒരു പക്ഷെ നിങ്ങളുടെ കാല്‍ വെളുത്ത നിറമായേക്കാം [Pic 2]. അത് രാവിലെ ആകുമ്പോഴേക്കും ശരിയാകും, പേടിക്കേണ്ടതില്ല. ഇനി ട്രെക്കിങ്ങിനിടയില്‍ കൂടതല്‍ നേരം റെസ്റ്റ് എടുക്കുകയാണെങ്കില്‍ കാലുകള്‍ വീണ്ടും തണുത്ത് മരവിക്കാന്‍ ചാന്‍സുണ്ട്, ശേഷം നടക്കുമ്പോള്‍ വിരലുകള്‍ക്ക് വേദന ഉണ്ടായേക്കാം. തുടര്‍ച്ചയായി നടന്ന് കൊണ്ടിരിക്കുകയാണേല്‍ മരവിക്കാനുള്ള ചാന്‍സ് കുറവാണ്. ഇത്തരം സാഹചര്യത്തില്‍ ഷൂ അഴിച്ച് അതിനുള്ളിലെ സ്‌പോഞ്ച് പുറത്തെടുത്ത് അതിലെ വെള്ളം പുറത്തു കളയുക. കാല്‍ ശരിക്ക് ഉണങ്ങയിതിന് ശേഷം മാത്രം വീണ്ടും ഷൂ ധരിക്കുക. സോക്‌സ് മാറ്റി ഉണങ്ങിയിത് ധരിക്കുന്നത് നല്ലതാണ്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ ദിവസത്തേക്ക് മണ്‍സൂണില്‍ ട്രെക്കിങ്ങ് ചെയ്യുമ്പോള്‍ ഈ പ്രശനം വളരെ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. രാത്രി പലപ്പോഴും കാല്‍ ശരിക്ക് ഉണങ്ങാന്‍ അസരം കിട്ടിയെന്ന് വരില്ല, പ്രത്യേകിച്ച് ടെന്റില്‍ താമസിക്കുമ്പോള്‍. ഇത് അടുത്ത ദിവസങ്ങളില്‍ കാലില്‍ മുറിവ് ഉണ്ടാക്കാന്‍ ഇടയാകും. ആയത് കൊണ്ട് തന്നെ ഷൂവിനുള്ളില്‍ വെള്ളം കടന്നാല്‍ പെട്ടെന്ന് ഷൂ അഴിച്ച് കാല്‍ ഉണങ്ങിയതിന് ശേഷം മാത്രം യാത്ര തുടരുക.

Photo of How to buy trekking shoe for monsoon? 3/3 by MUhammed Unais P (TheIndianTrails)
PIC 3: Quechua NH100 Men's Fresh Nature Hiking Shoes - Blue

Decathlon ഷോപ്പില്‍ മണ്‍സൂണ്‍ സ്‌പെഷ്യല്‍ ട്രെക്കിങ്ങ് ഷൂ ഉണ്ട് - Quechua NH100 Men's Fresh Nature Hiking Shoes [Pic 3]. ഈ ഷൂവിന്റെ രണ്ട് വശങ്ങളിലായി താഴ് ഭാഗത്ത് ചെറിയ കുറച്ച് ദ്വാരങ്ങളുണ്ട്. അതുവഴി അകത്തു കയറിയ വെള്ളം പുറത്ത് പോകും. ഈ ഷൂ വാങ്ങാതിരിക്കുന്നതാണ് നല്ലത്. സെയില്‍സ് മാന്‍ നിങ്ങളെ പലതും പറഞ്ഞ് ഇത് വാങ്ങിപ്പിക്കാന്‍ ശ്രമിച്ചേക്കാം. കാരണം, അവര്‍ക്ക് ഈ ഷൂ മണ്‍സൂണില്‍ മാത്രമേ കൂടുതല്‍ വിറ്റഴിക്കാന്‍ കഴിയുകയുള്ളു. ഇതിന്റെ അടിഭാഗം [Pic 1] നെ അപേക്ഷിച്ച് അത്ര ഉറപ്പുള്ളതല്ല. മാത്രമല്ല, അകത്ത് സ്‌പോഞ്ച് ഇല്ല. സോക്‌സ് ധരിക്കാതെ ഉപയാഗിക്കാനാണ് ഇത് ഡിസൈന്‍ ചെയ്തിട്ടുള്ളത്. മഴക്കാലത്ത് സോക്‌സ് ധരിക്കാതെ ട്രെക്കിങ്ങ് നടത്തിയാല്‍ കാലില്‍ മുറിവ് വരാനുള്ള ചാന്‍സ് വളരെ കൂടുതലാണ്, പ്രത്യേകിച്ച് ഒന്നില്‍ കൂടുതല്‍ ദിവസം നടക്കുമ്പോള്‍. മാത്രമല്ല, ഇത് ഹൈ ആങ്കിള്‍ ഷൂ അല്ലാത്തതിനാല്‍ കാലില്‍ സപ്പോട്ടും കുറവായിരിക്കും.

ഹൈ ആങ്കിള്‍ ഷൂ ആദ്യമായി ധരിക്കുന്പോള്‍ കാലിന്‍റെ പുറകില്‍ ചെറുതായി വേദനയുണ്ടായേക്കാം. അത് പൊലെ തന്നെ പുതിയ ഷൂ വാങ്ങിയ ഉടന്‍ അത് എടുത്ത് ട്രെക്കിങ്ങിനു പോകരുത്, ഷൂവിന്‍റെ സോള്‍ ഒന്ന് പരുവപ്പെടാനുണ്ട്. ട്രെക്കിങ്ങിനു പോകുന്നതിനു ഒരു ആഴ്ച്ച മുന്പ് തന്നെ അത് ഉപയോഗിച്ച് തുടങ്ങുക. വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് സഹിച്ച് രണ്ട് ദിവസം ഉപയോഗിച്ചാല്‍ നിങ്ങളുടെ കാലുകൾ ഹൈകിംഗ്‌ ഷൂവിന് പരുവപ്പെടും.

ട്രെക്കിങ്ങിനിടയില്‍ ഏത് വസ്തരം ധരിക്കണം?....... മണ്‍സൂണിലാണെങ്കിലും സമ്മറിലാണെങ്കിലും ശരീരം കഴിയുന്ന അത്രയും മറക്കുന്നു ഫ്‌ളെക്‌സിബില്‍ ആയ വസ്ത്രം ധരിക്കുക. ഒരിക്കലും ട്രൗസ്രര്‍ ഇട്ട് ട്രെക്കിങ്ങ് ചെയ്യരുത്. വഴിയരികില്‍ ധാരാളം മുള്ളുകളും കൂര്‍ത്ത് നില്‍ക്കുന്ന കുറ്റിച്ചെടികളും ഉണ്ടാകാം. ഇവയില്‍ തട്ടി കാലിലെ കമ്പനി പെയ്‌ന്‌റ് പോകാനുള്ള ചാന്‍സ് കൂടുതലാണ്. സമ്മറിലാണെങ്കില്‍, ശരീരത്തില്‍ വെയില്‍ തട്ടി ചുവന്നു കളറാകാനുള്ള ചാന്‍സുണ്ട്. പ്രത്യേകിച്ച് വെയിലത്ത് നടന്ന് ശീലമില്ലാത്തവര്‍ക്ക് - ഇവര്‍ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരത്തില്‍ ഇഗ്ലണ്ടിന്റെ പതാക കാണാം. മണ്‍സൂണിലാണെങ്കില്‍ കാട്ടുവഴികളില്‍ പ്രാണികളും ഈച്ചകളും അധികമായിരിക്കും. അവയുടെ കടിയും കുത്തും കൊണ്ട് പണി കിട്ടുന്നതിനേക്കാള്‍ നല്ലത് ഫുള്‍ സ്ലീവ് (ടീ)ഷര്ട്ടും പാന്‌റും ധരിക്കുന്നതാണ് - അനുഭവം ഗുരു. പ്രാണികളുടെ ശല്യം കൂടുതലാണെങ്കില്‍ മുഖവും മറക്കാന്‍ ശ്രദ്ധിക്കുക. കുറച്ച് കട്ടിയുള്ള ഫ്‌ളെക്‌സിബിള്‍ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. കാരാണം, ഒന്ന് വീണാല്‍, ശരീരത്തില്‍ പാച്ച് വര്‍കസ് കുറക്കാം. ഇനി കൂടുതല്‍ ദിവസത്തേക്കാണ് ട്രെക്കിങ്ങിന് പോകുന്നതെങ്കില്‍ മാത്രാം ഭാരം/കട്ടി കുറഞ്ഞ, പെട്ടെന്ന് ഉണങ്ങുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

മുകളില്‍ പറഞ്ഞ പല കാര്യങ്ങളും സഹ്യാദിരി ട്രെക്കിങ്ങിനെ ഉദ്ദേശിച്ചാണ്. ഹിമാലയന്‍ ട്രെക്കുകള്‍ക്ക് ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയെല്ലാം എന്റെ അവുഭവങ്ങളാണ്. നിങ്ങള്‍ക്ക് വിയോജിപ്പണ്ടായേക്കാം. കൂടുതല്‍ അറിയുന്നവര്‍ തെറ്റ് തിരുത്തി തരുമെന്ന പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള കാര്യങ്ങള്‍ നമുക്ക് പിന്നീട് എഴുതാം.

Don't compromise on tools and accessories which are critical and life-saving !!!

Please support us on :

https://facebook.com/theindiantrails

https://youtube.com/c/theindiantrails

#TheIndianTrails #MonsoonTrekkingInSahyadiri