കൂർഗാനുഭവം- Coorg - Malayalam

Tripoto
1st Sep 2017
Photo of കൂർഗാനുഭവം- Coorg - Malayalam by Trip Jodi

പണ്ട് എഞ്ചിനീയറിംഗ് പഠിക്കണ സമയത്തു ബാക്കി ബാച്ച്കാര് കൂർഗ് പോയി വന്നത് തൊട്ടുള്ള ആഗ്രഹം ആണ് കൂർഗ് പോണം . റിവർ റാഫ്റ്റിങ് ചെയ്യണം . നല്ല കൂർഗ് പോർക്ക് കഴിക്കണം എന്നൊക്കെ . ഒരു അഞ്ചു കൊല്ലം കാത്തിരിക്കേണ്ട വന്നു . കൂർഗിൽ ഒന്ന് കാലു കുത്താൻ .

കല്യാണം കഴിഞ്ഞ അന്ന് തുടങ്ങിയതാ ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രകൾ . ഒരു നൂറു യാത്രകൾ ഈ എട്ടു മാസത്തിൽ പോയിട്ടുണ്ടാകും . കൂർഗ് എന്ന് കേട്ടപ്പോ പുള്ളിക്കാരിക്കും ഭയങ്കര ഇഷ്ടം . പണ്ട് സ്‌പ്ലെൻഡറിൽ പത്തു ആയിരത്തഞ്ഞൂർ കിലോമീറ്റർ ഓടി നിറുത്തിയതാണു ദീർഘ ദൂര മോട്ടോർ സൈക്കിൾ സവാരി . പുതിയ വണ്ടി ഒരെണ്ണം. ആശിച്ചു വാങ്ങിയതാണു രണ്ട പേരും കൂടെ. എങ്കിൽ യാത്ര അതിലാക്കം . വൺ സൈഡ് മാത്രം ഒരു മുന്നൂറു കിലോമീറ്റർ .

പണ്ടൊക്കെ യാത്ര പോകുന്നത് വല്യ മുന്നൊരുക്കങ്ങൾ ഒന്നുമില്ലാണ്ടാണ് . ഇപ്പൊ കൊറെശ്ശേ ഉണ്ട്. ഫസ്റ്റ് എയിഡ് കിറ്റ് , വെള്ളം , ലഘു ഭക്ഷണം കൊറച്ചു മാത്രം ഡ്രസ്സ് , കടം വാങ്ങിയ കാമറ , ഇച്ചിരി കാശും കൂടെ ബാഗ് പാക്ക് ആക്കി . ഇനി ഉറങ്ങി എപ്പോ എണീക്കുന്നോ അപ്പൊ പോകും.സമയം പറയാറില്ല. എന്നൊക്കെ നാളെ രാവിലെ എണീറ്റ് പോകും എന്ന് പറഞ്ഞാലും വെളുപ്പിന് 3 മണിക്ക് മുന്ന് ഇറങ്ങാറാണ് പതിവ് . ഉറങ്ങാൻ പറ്റാറില്ല.

അങ്ങനെ അന്നും വെളുപ്പിന് മൂന്നു മണിക് എണീറ്റ് , റെഡി ആയി ( പല്ലുതേച്ചു , എടുക്കാൻ ഉള്ളതൊക്കെ എടുത്തു ) ഇറങ്ങി . സമയം 3.30

കോയമ്പത്തൂർ നിന്നും ധിംഭം ഘട്ട് വഴി മൈസൂർ അവിടെ നിന്നും ഗുണ്ടൽപെട്ട സൂര്യകാന്തി തോട്ടങ്ങൾ ഒക്കെ കണ്ടു വൈകീട്ട് കൂർഗ് ആണ് പ്ലാൻ .

കോയമ്പത്തൂർ നിന്നും അണ്ണൂർ , ഒരു മണിക്കൂർ കൊണ്ട് അണ്ണൂർ എത്തി. രണ്ടു സൈഡും നിറയെ മരങ്ങൾ ഒക്കെ ഉള്ള ഒരു നല്ല ഗ്രാമീണത നിറഞ്ഞ വഴികൾ . വെളുപ്പിനെ വല്യ തിരക്കും ഇല്ല റോഡിൽ . ബന്നാരി എത്താറായപ്പോഴേക്കും നേരം വെളുത്തു തുടങ്ങിയായിരുന്നു .

ധിംഭം ചുരം നേരം വെളുത്തു തുടങ്ങുമ്പോൾ കാണാൻ നല്ല ചന്തം ആണ് . ചുരം തുടങ്ങുന്നതിനു മുന്ന് റോഡിൽ രണ്ടു തവണ മാൻകൂട്ടങ്ങളേം കാണാൻ പറ്റി. ചുരം കയറി ഇറങ്ങിയാൽ കർണാടക ബോർഡർ ആയി.തമിഴ് നാട് റോഡുകൾ കർണാടക യെക്കാൾ നല്ലതാണു.

ഒരു മണിക്കൂർ കാടിനുള്ളിൽ കൂടെ യാത്ര , അതും രാവിലെ , അതൊരു സുഖം തന്നെ ആണുട്ടോ . ഡബിൾ എനർജി ആണ് . കാട് ഇറങ്ങി കഴിഞ്ഞപ്പോഴേക്കും ചൂടും വരണ്ട ഗ്രാമങ്ങളും ആയി . ലക്‌ഷ്യം മൈസൂർ ആണ്.

പതിനൊന്നു മണി ആയപ്പോഴേക്കും മൈസൂർ എത്തി. ഒന്നും നോക്കിയില്ല നല്ല വിശപ്പു . ആദ്യം കണ്ട ഉഡുപ്പി കടയിൽ നിന്നും നല്ല രണ്ട മസാലദോശ വാങ്ങി കഴിച്ചു .

വെയിലും തിരക്കും പൊടിയും മൈസൂർ അവശത ആക്കിയേനെ . അപ്പോഴേക്കും ഞങ്ങൾ മൈസൂർ സൂ കണ്ടുപിടിഛാർന്നു . ഓണം ആയോണ്ട് ആണോന്നു അറിയൂല്ല നല്ല തിരക്ക് ആയിരുന്നു . പാർക്കിംഗ് നിറയെ കേരളം രെജിസ്ട്രേഷൻ വണ്ടികൾ.

പാർക്ക് ചെയ്ത് സൂ ന്റെ എൻട്രി പാസും വാങ്ങി ബാഗ് ക്ലോക്ക് റൂമിൽ വച്ച് കഴിഞ്ഞപ്പോ ഒരു ആശ്വാസം . ആദ്യം ചെയ്തത് ഇരിക്കാൻ ഒരു സ്ഥലം കണ്ടുപിടിച്ചു ഇരിക്കുക ആണ് ചെയ്തത്.കുറച്ച വെള്ളം ഒക്കെ കുടിച്ച ക്ഷീണം ഒക്കെ മാറിയിട്ട് ആകാം സൂ കാണൽ.

നൂറ്റി അമ്പത്തി ഏഴു ഏക്കറിൽ നാനാവിധ പക്ഷി മൃഗാതികൾ ഉള്ള ഒരു വമ്പൻ സംഭവം. പണ്ടൊരിക്കൽ പോയി ഒരു ദിവസം മൊത്തം നടന്നു കണ്ടക്കാന്താണുകൊണ്ട് ആണോ അതോ തിരക്ക് ഒള്ളത് കൊണ്ടാണോ . ഒരു താല്പര്യമില്ലായ്മ . വെയിലിന്റെ ചൂടിൽ നിന്നും രക്ഷപെടാൻ ആ തണൽ നല്ലൊരു ഉപാധി ആയിരുന്നു. മൂന്നു മണിക്ക് മൈസൂർ നിന്നും പുറപ്പെട്ടു . ഗുണ്ടൽപേട്ട് സൂര്യകാന്തിത്തോട്ടങ്ങൾ കണ്ടു കൂർഗ് എത്തുക രാത്രിക്കു മുന്ന് . കൊറേ പേര് ഗുണ്ടേപ്പെട്ടു പൂക്കൾ തോട്ടങ്ങളെ പറ്റി പറയണ കേട്ട് കൊതി തോന്നിപോയതാ . പോകുന്ന വഴിയിൽ എങ്ങും കാണാൻ പറ്റിയില്ല.

വെയിലുണ്ടായിരുന്നു നല്ല അതുകൊണ്ട് കൂർഗിലേക്കു സ്വാഗതം എന്ന ശുദ്ധ കന്നടയിൽ ഒള്ള ബോർഡ് ഒറ്റയടിക്ക് വായിക്കാൻ പറ്റി. അത് വായിച്ചപ്പോൾ ഒരു കുളിരും തോന്നി.

കൂർഗ് എന്ന് പറഞ്ഞാൽ ഒരു സ്ഥലം അല്ലാട്ടോ . നമ്മുടെ എറണാകുളം എന്നൊക്കെ പറയുന്ന പോലെ ഒരു ജില്ലയുടെ പേര് ആണ് . തലക്കാവേരിയും മണ്ടൽപെട്ടിയും മടികേരിയും വിരാജ്പേട്ടും കുശാൽനഗറും കുടകും ഒക്കെ ഒള്ള ഒരു വലിയ മലയോര ജില്ല . കർണാടകയുടെ ബോർഡർ ആണ്. കൂർഗിന് കേരളമായും തമിഴ്നാടുമായും അതിർത്തി പങ്കിടുന്നുണ്ട്.

ഞങ്ങൾ #stayonskill എന്നൊരു പരുപാടിയുടെ ഭാഗം ആയിട്ടാണ് കൂർഗ് പോകുന്നത് . ഫ്രീ ആയിട്ടു താമസിക്കാം , ഭക്ഷണവും തരും . അതാണ് സ്റ്റേ ഓൺ സ്കിൽ . തിരിച്ചു നമുക്ക് അറിയാവുന്ന എന്തേലും വിദ്യ അവർക്കു പറഞ്ഞു കൊടുക്കുകയോ അതല്ല അവരെ സഹായിക്കുങ്കയോ വേണം . ഒരു ദിവസം ഒരു ഒരു മണിക്കൂർ .

ഫുട് ഹിൽ ക്യാമ്പ് എന്നൊരു സ്ഥലം ആണ് താമസിക്കുന്നത് . ഒരു പഴയ കൂര്ഗിയുടെ എസ്റ്റേറ്റിന്റെ അകത്തു ഒരു ചെറുപ്പക്കാരനായ പ്രകൃതിയെയും മലകളെയും സ്നേഹിക്കുന്ന ആഷിത് തയ്യാറാക്കിയ ഒരു കൊച്ചു സെറ്റപ്പ് . കിടത്തം ടെന്റിൽ ആണ് . ടെന്റ് എന്ന് പറഞ്ഞ ചുമ്മാ ടെന്റ് അല്ല. നല്ല ഇടതൂർന്നു നിൽക്കുന്ന മരങ്ങൾക്കിടയിൽ ബേസ്‌മെന്റ് ഒക്കെ ഉണ്ടാക്കി അതിന്റെ മേലെ ടെന്റ് . ടെന്റിനു മേൽക്കൂര മേലെ ഉണ്ടാക്കിയിട്ടുണ്ട് നല്ല വയ്ക്കോൽ വച്ച് . ബാഗ് ഒക്കെ ഇറക്കി വച്ചു.

നല്ല വിശപ്പുണ്ടായിരുന്ന കൊണ്ട് അപ്പോഴേ പുറത്തിറങ്ങി . ഫുഡ് ആണ് ലക്‌ഷ്യം . നല്ല കൂര്ഗി ഫുഡ് . അനേഷിച്ചു കുശാൽനഗർ ഏറ്റവും നല്ല ഫുഡ് കിട്ടുന്നത് ഒരു ബാറിൽ ആണത്രേ . അങ്ങാടാ കയറി . നല്ല പോർക്കും , നൂല്പുട്ടും ചിക്കനും ഒക്കെ കഴിച്ചു . കേരളത്തിനേക്കാൾ എരിവുണ്ടായിരുന്നു , കറികൾക്.

Day 2

തിരിച്ചു ഇറങ്ങുമ്പോഴേക്കും ചെറിയ മഴ തുടങ്ങിയായിരുന്നു . നാളെ മഴ പെയ്യാതെ ഇരുന്ന മതി എന്ന് മനസ്സിൽ പ്രാർത്ഥിച്ചു നേരെ ഫൂട്ട് ഹിൽ ക്യാമ്പിലോട്ടു . അവിടെ ചെന്നപ്പോൾ ചുറ്റുമുള്ള രണ്ട റിസോർട്ടുകളിൽ നിന്നും കലാഭവൻ മണിയുടെ ഒക്കെ പാട്ടുകൾ ഒച്ചയ്ക് കേൾക്കാൻ ഉണ്ടായിരുന്നു. ക്ഷീണം കൊണ്ട് ഞങ്ങൾ വേഗം ഉറങ്ങി.

രാവിലെ മൊത്തം കിളികളുടെ കലപില ശബ്‍ദം ഒക്കെ കേട്ട് നേരം വെട്ടം വച്ചപ്പോ തന്നെ എണീറ്റു . പുറത്തു ഇറങ്ങി ഒന്ന് നടന്നു . ചെറുപ്പത്തിൽ ഞങ്ങടെ പൂവത്തുശ്ശേരിയിലൂടെ നടക്കുന്ന പോലെ . വയലും വാലാട്ടികിക്കിളിയും തെങ്ങും ഒക്കെ ഒരു നാടൻ ഫീൽ

സമയം കളയണ്ട നടത്തം കഴിഞ്ഞു നേരെ പോയത് namdroling monastry , ഒരു ചെറിയ ടിബറ്റ് പതിപ്പ് . മഞ്ഞയും മെറൂണും ഒള്ള വേഷങ്ങളും വഴികളിൽ എല്ലാം ടിബറ്റൻ കൊടികളും . രാവിലെ തന്നെ ആയോണ്ട് അവരുടെ പ്രാർത്ഥനകൾ ഒക്കെ കേൾക്കാകാൻ പറ്റി . കേട്ടാൽ കേട്ട് നിൽക്കാൻ തോന്നുന്ന , വേറെ ഒരു ലോകത്തിലേക്കു കൊണ്ടുപോകുവാൻ സാധിക്കുന്ന അസാമാന്യ പവർ ഒള്ള മന്ത്രങ്ങൾ കൊറച്ചു നേരം അതൊക്കെ കെട്ടും അവിടെ ഒക്കെ ചുറ്റി തിരിഞ്ഞു നടന്നു , ചുവരുകളിൽ നല്ല ചായക്കൂട്ടുകൾ പല പടങ്ങൾ വരച്ചിട്ടിരിക്കുന്നു .

പ്രാർത്ഥന കഴിഞ്ഞ ഇറങ്ങുന്നതിൽ നിന്നും വേഗം രണ്ടു കുട്ടിസന്യാസികളെ കണ്ടുപിടിച്ച കൂടെ ഒരു സെൽഫിയും എടുത്ത് അടുത്ത സ്ഥലത്തോട്ട്.

നിസർഗധാമ എന്നൊരു ദ്വീപ് ആണ് ലക്‌ഷ്യം , കാവേരി നദിയിൽ ഒള്ള ഒരു ദ്വീപ് ഉദ്യാനം ആണ് . മാപ്പിൽ ലൊക്കേഷൻ ഒക്കെ സെറ്റ് ആക്കി നീങ്ങി. നിസർഗധാമ പോകുന്നത് മെയിൻ റോഡിൽ നിന്നും തിരിഞ്ഞാണ് . തിരയുന്ന സ്ഥലത്തു ദുബാരെ എന്നൊരു ബോർഡ് കണ്ടു. അതെ അത് തന്നെ . റിവർ റാഫ്റ്റിംഗും , ആനക്കൊട്ടിലും ഒള്ള അതെ ദുബാര . നിസർഗധാമ ഒഴിവാക്കി.

നേരെ ദുബാരയിലേക്ക് , ചെന്നപ്പോഴേ റിവർ റാഫ്റ്റിങ് ചെയ്യാൻ റെഡി ആയി നിൽക്കുന്നവരെ കണ്ടു . കൊറച്ചു നേരം നിന്നപ്പോഴേ മനസിലായി അത്ര വല്യ സംഭവം അല്ല എന്ന്. ഞങ്ങൾ കൊറച്ചു നേരം ആലോചിച്ചു , വേറെ ഡ്രസ്സ് ഇല്ല , ബൈക്കിൽ ആണ്, കാമറ ഉണ്ട് കൈയിൽ . ഇന്ന് എന്തായാലും ചെയ്യാൻ പറ്റില്ല .കാവേരി നദിയെ നോക്കി കൊറച്ചു നേരം ഇരുന്നതിനു ശേഷം , അക്കരെ ഒള്ള ദുബാരെ എലിഫന്റ് ക്യാമ്പിലോട്ട് പോകാൻ ഉളള ക്യുയിൽ നിന്ന് . ഇച്ചിരി സങ്കടം ഉണ്ട് , റാഫ്റ്റിംങ് പോകാൻ പറ്റാത്തതിൽ . അതിപ്പോ എല്ലാം എപ്പൊഴും നടക്കണം എന്നില്ലല്ലോ.

ദുബാരയിലേക്കു ബോട്ടിൽ ആണ് പോകുന്നത് . മുപ്പതു രൂപ ആണ് ഒരാൾക്കു ബോട്ടിൽ പോകാൻ , അവിടെ അക്കരെ പോയി ഇറങ്ങിയിട്ട് ക്യാമ്പിൽ അകത്തു കയറാൻ പിന്നെയും ടിക്കറ്റ് എടുക്കണം.

ആനകളെ അടുത്തകാണാം , ആനക്കുളി കാണാം . ഒന്ന് ആനയെ തൊട്ടു തലോടാം , കൂടെ ഫോട്ടോ എടുക്കാം അങ്ങനെ ഒരു അര മുക്കാമണിക്കൂർ ചിലവഴിക്കാം ദുബാരയിൽ . അവിടെന്നു ഇതൊക്കെ കണ്ടും പടം പിടിച്ചും കഴിഞ്ഞപ്പോഴേക്കും വിശപ്പു തുടങ്ങി.

വിശന്നാപ്പിന്നെ കാണുന്നത് ഒന്നും നേരെ ആകില്ല . അടുത്ത ബോട്ടിനു അക്കര പിടിച്ചു , ബൈക്ക് എടുത്ത് അടുത്ത ഫുഡ് കഴിക്കാൻ ഒള്ള സ്ഥലം കണ്ടുപിടിച്ചു . നല്ല കൂർഗ് ബിരിയാണി . സ്പെഷ്യൽ ഒന്നുമല്ല എങ്കിലും വിശന്നപ്പോ ഭയങ്കര ടേസ്റ്റ്.

ഗൂഗിൾ ചെയ്ത എടുത്ത കൂർഗിലെ കാണാൻ ഒള്ള സ്ഥലങ്ങളുടെ ലിസ്റ്റ് നോക്കി , അടുത്തത് അബ്ബി വാട്ടർഫാള്സ് . വണ്ടി നേരെ അബ്ബിയെ അടുത്തൊട്ട് .ഒരു മാസ്മരിക വെള്ളച്ചാട്ടം , ഒരേ ഒരു കൊഴപ്പം വെള്ളച്ചാട്ടത്തിന്റെ അടുത്തുപോയി ഒന്ന് കാല് നനയ്ക്കാൻ പോലും പറ്റില്ല.

കൊറേ നേരം വെള്ളച്ചാട്ടം നോക്കിനിൽക്കാൻ നല്ല രസമാണ് . നല്ല തിരക്കുണ്ടായിരുന്നു അവിടെയും . വെള്ളത്തിൽ കാല് തൊടാൻ പറ്റില്ലാന്ന് അറിഞ്ഞപ്പോ തന്നെ ഞങ്ങൾ കാട്ടുപോയ ബലൂൺ പോലെ ആയി. എങ്കി പിന്നെ ഇനി മണ്ഡൽപെട്ടി പോകാം . ഫോട്ടോസ് ഒക്കെ കണ്ടപ്പോ നമ്മടെ വാഗമൺ പോലെ എന്ന് തോന്നി .

കൊറേ ദൂരം , റോഡ് ആണോ തോടാണോ എന്നറിയാൻ മേലാത്ത അവസ്ഥ . മണ്ടൽപേട്ടി വേണ്ടായേ എന്ന് പോലും തോന്നിത്തുടങ്ങി.അപ്പോഴാണ് വഴിയിൽ ഒരു ചെറിയ നീരൊഴുക്ക് . അബ്ബി യിൽ ഇറങ്ങാൻ പറ്റാത്തതിന്റെ മൊത്തം ആ വെള്ളത്തിൽ ഒന്ന് കുളിച്ചപ്പോ പോയി.അവിടെ ഇരുന്നു നനഞ്ഞു.

അങ്ങനെ പിന്നെയും യാത്ര തുടരുന്നു . റോഡ് വളരെ മോശമാണ് . ജീപ്പുകാർ പൊളിച്ചാട്ടതാണ് എന്ന് പലരും പറയുന്ന കേട്ട് . മണ്ടൽപേട്ടി എത്തി . ടിക്കറ്റ് എടുത്ത് ഉള്ളിലോട്ടു കയറി . നമ്മുടെ വാഗമൺ തന്നെ . ഉയരം കൂടുതൽ ഉണ്ട് . മേഘങ്ങളേ തൊടാം . ധൈര്യം ഉണ്ടേൽ നല്ലൊരു ഓഫ്‌റോഡ് എക്സ്പീരിയൻസ് ആണ് . ഇന്നത്തെ കൂർഗ് മണ്ടൽപേട്ടി അവസാനിപ്പിച്ചു . തിരിച്ച നാലുമണിക്ക് ആഷിത് സൈക്കിൾ ടൂർ കൊണ്ട് പോകാം എന്ന് പറഞ്ഞട്ടുണ്ട് . സമയത്തിന്റെ കാര്യത്തിൽ ഞാൻ അച്ചട്ട് ആയോണ്ട് , കറക്റ്റ് അഞ്ചായപ്പോ തിരിച്ച കുശാൽനഗർ എത്തി.

എന്നട്ട് പിന്നെ ഒരു സൈക്കിൾ ടൂർ . എന്റെ പണി സൈക്കിൾ ടൂർ വീഡിയോ എടുക്കുക ആണ്, ആ വിഡിയോയ്ക് പകരം ആയിട്ടാണ് പുള്ളി ഞങ്ങള്ക് താമസവും ഭക്ഷണവും . പക്ഷെ ആ സൈക്കിൾ ടൂർ കഴിഞ്ഞപ്പോ ഒരു കാര്യം മനസിലായി .

ഗൂഗിൾ ചെയ്ത കിട്ടുന്ന സർവ സാധാരണമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസിനു ഒരു ശതമാനം പോലും ചിലപ്പോ അവിടുത്തെ യഥാർത്ഥ അനുഭവങ്ങൾ നല്കാൻ കഴിയില്ല എന്ന് . ഇപ്പോഴും ഫോൺ റേഞ്ച് ഇല്ലാത്ത . മാപ്പിൽ ലൊക്കേഷൻസ് കണ്ടുപിടിക്കാൻ പറ്റാത്ത വഴികൾ ഒള്ള , സുന്ദരമായ ഒരു കൂർഗ് ഉണ്ടെന്നു .

അടുത്തത് ഞാൻ കണ്ട , അധികം ആരും എത്തിപ്പെടാത്ത കൂർഗിലെ ഉൾനാടുകളെ പറ്റി .

(തുടരും )